വെറ്ററിനറി ഡോക്ടർമാരുടെ അധിക ജോലിഭാരം കുറയ്ക്കുവാനായി സംഘടന മുന്നോട്ട് വെച്ച ഒരു ആവശ്യം കൂടി അതിവേഗം നടപ്പാവുകയാണ്. സംസ്‌ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുവാനുള്ള അനുമതി നൽകിയ ബഹു: മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചു റാണി അവർകൾക്കും, വകുപ്പ് സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ IAS.നും, വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ IAS.നും കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെ അഭിവാദ്യങ്ങൾ. 148 പേർക്കാണ് ഇന്റർവ്യൂവിനായി അഭിമുഖ പത്രികകൾ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന അയച്ചിരിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജോലിഭാരം തന്നെ കൂടുതൽ ആണെന്നിരിക്കേ മറ്റൊരു സ്ഥാപനത്തിൻ്റെ അഡീഷണൽ ചാർജ് കൂടി വഹിക്കുന്നത് പദ്ധതി നിർവഹണകാലത്ത് പ്രത്യേകിച്ചും ഏറെ ദുഷ്കരമാണ്. മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി സംഘടനയുടെ അഭ്യർത്ഥന സ്വീകരിച്ച് ബഹു: മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.കൗശിഗൻ IAS നടത്തിയ ചർച്ചയിൽ ഈ വിഷയം പ്രത്യേകമായി അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ 16/6/2021.ന് ഈ വിഷയത്തിൽ ഒരു കത്തും സംഘടന സമർപ്പിച്ചിരുന്നു. ഈ കത്തിനു മറുപടിയായി ആവശ്യമായ നിയമനങ്ങൾ നടത്തുവാൻ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് ഓഫീസർക്ക് കത്ത് നൽകിയതായി ഡയറക്ടർ സംഘടനയെ 29.11.2021.ന് അറിയിക്കുകയും ചെയ്തിരുന്നു. വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനായി സംഘടന മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങളിലും, ആവശ്യങ്ങളിലും ക്രിയാത്മകമായ ഇടപെടൽ വകുപ്പ് ഭരണ നേതൃത്വത്തിൽ നിന്നുണ്ടാകുന്നുവെന്നത് ശുഭസൂചകമാണ്. ഭരണ നേതൃത്വത്തിന് ഒരിക്കൽ കൂടി കേരള ഗവൺമെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന്റെ അഭിവാദ്യങ്ങൾ